Kerala
കൊല്ലം: രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് അഡ്വ. ബി.എൻ. ഹസ്കർ. രക്തസാക്ഷി ഫണ്ട് പോലും തിരിമറി നടത്തുന്ന നേതാക്കൻമാരെ സംരക്ഷിക്കുകയും അവരെ ചേർത്തു പിടിക്കുകയും ചെയ്യുന്ന അഴിമതിയുടെ കുത്തരങ്ങായി സിപിഎം മാറിയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നേതാക്കളായ വി.ഡി. സതീശനും ഷിബു ബേബി ജോണും നടത്തുന്ന ഇടതുപക്ഷ പ്രവർത്തനങ്ങൾ പോലും സിപിഎം നടത്തുന്നില്ല. സിപിഎം ജീർണതയുടെ പടുകുഴിയിൽ എത്തപ്പെട്ടു എന്ന ബോധ്യത്തിൽനിന്നാണ് സിപിഎം വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് പാർട്ടിയുടെ സംസ്ഥാന സമ്മേളനം നടന്നിട്ട് ഒരു വർഷമാകുകയാണ്. ആറര കോടി രൂപയുടെ ബജറ്റുണ്ടായിരുന്ന പാർട്ടിയുടെ സംസ്ഥാനസമ്മേളനത്തിന്റെ കണക്ക് പോലും ഇതുവരെ പരിശോധിച്ചിട്ടില്ല. 50 ലക്ഷം നീക്കിയിരിപ്പ് ഉണ്ടായിരുന്നിട്ടുപോലും കണക്കുകൾ പരിശോധിച്ചിട്ടില്ല.
അങ്ങനെ പാർട്ടി അഴിമതിയിലേക്ക് പോകുകയാണ്. ഇത് പുതിയ വർഗം ഭരണകൂടത്തിനും പാർട്ടിക്കും മുകളിൽ ഉരിത്തിരിഞ്ഞുവന്നു. അവരുടെ കാര്യങ്ങൾക്ക് വേണ്ടി അവർ പാർട്ടിയെ നിയന്ത്രിക്കുകയാണ്. അതുകൊണ്ടാണ് താൻ പാർട്ടി വിടുന്നത്. കടക്ക് പുറത്ത് എന്ന് പറയുന്നതിനു മുൻപ് തന്നെ പുറത്ത് കടക്കുന്നതാണ് നല്ലതെന്നും ഹസ്കർ കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ തിരിച്ചടിയുണ്ടാകാൻ കാരണം സിപിഎമ്മാണെന്ന് തുറന്നടിച്ച് ആർജെഡി നേതൃത്വം. കോഴിക്കോട് കോര്‍പറേഷനിലേക്ക് മത്സരിച്ച തങ്ങളുടെ സ്ഥാനാർഥികൾ തോൽക്കാൻ കാരണം സിപിഎം നേതാക്കളാണ്.
തങ്ങളുടെ സ്ഥാനാർഥികളെ തോൽപ്പിക്കാൻ ഒരു വിഭാഗം സിപിഎം നേതാക്കൾ പ്രവർത്തിച്ചെന്നും ആർജെഡി നേതൃത്വം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം നേതാക്കളുടെ പേര് ഉൾപ്പെടുത്തി ആർജെഡി സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി.
ആർജെഡി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യരുതെന്ന ആഹ്വാനം വരെ ഉണ്ടായി തുടങ്ങിയ കാര്യങ്ങളാണ് പരാതിയിൽ പറയുന്നത്. ഇക്കാര്യത്തിൽ തിരുത്തൽ നടപടികൾ ഇല്ലെങ്കിൽ പ്രവർത്തകർ സ്വന്തം നിലയിൽ തീരുമാനം എടുക്കുമെന്നും ആർജെഡി വ്യക്തമാക്കി.
അതേസമയം ആർജെഡിയുടെ ആരോപണത്തെ സിപിഎം ജില്ലാ നേതൃത്വം തള്ളി. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായിട്ടാണ് നേരിട്ടതെന്നും അവർ പറഞ്ഞു.
Kerala
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ആരോപണം നേരിടുന്ന ടി.എ.മധുസൂദനൻ എംഎൽഎയെ രക്ഷിക്കാൻ സിപിഎം ശ്രമം ആരംഭിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇതിന്റെ ഭാഗമായാണ് കോൺഗ്രസ് മാർച്ചിനു നേരെ സിപിഎം ആക്രമണം നടത്തിയത്.
രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കമാണ് ഈ ആക്രമണം. മുൻ ഏരിയാ സെക്രട്ടറി പി. കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലിലൂടെ സിപിഎമ്മിന്റെ ജീർണതയാണ് തുറന്നുകാട്ടപ്പെട്ടത്. ഇതിലെ ജാള്യതയാണ് സിപിഎമ്മിനെ ആക്രമത്തിന് പ്രേരിപ്പിക്കുന്നത്.
രക്തസാക്ഷി കുടുംബത്തോടും അണികളോടും സിപിഎമ്മിന് അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഫണ്ട് വെട്ടിപ്പ് നടത്തിയ പ്രതികളെ നിയമത്തിന് വിട്ടുകൊടുക്കുകണം. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
Kerala
കണ്ണൂർ: ടി.ഐ.മധുസൂദൻ എംഎല്‍എയുടെ നേതൃത്വത്തിൽ രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ തട്ടിപ്പ് നടത്തിയെന്ന ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണനെ സിപിഎം തള്ളി. കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ.രാഗേഷ് പറഞ്ഞു.
കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ പാർട്ടി തള്ളിക്കളയുകയാണെന്ന് കെ.രാഗേഷ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. ധൻരാജ് രക്തസാക്ഷി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഓഫീസ് നിർമാണ ഫണ്ട് എന്നിങ്ങനെ മൂന്ന് ഫണ്ടുകളിൽ നിന്നാണ് തിരിമറി നടത്തിയത്.
ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെ തെളിവ് സഹിതം സംസ്ഥനാ നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
Kerala
മലപ്പുറം: മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയോടെ സിപിഎം നേതാക്കളുടെ സമനില തെറ്റിയെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥികളുടെ പേര് നോക്കി കാര്യങ്ങൾ നിശ്ചയിക്കണമെന്നാണോ സജി ചെറിയാൻ പറയുന്നത്. പേര് നോക്കിയാണോ ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും സലാം ചോദിച്ചു. മുസ്ലിം ഭൂരിപക്ഷ സ്ഥലങ്ങളില്‍ സിപിഎം മുസ്ലിം സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തുന്നത്.
ഹൈന്ദവ മെജോറിറ്റിയുള്ള എവിടെയെങ്കിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടി മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ടോ. സജി ചെറിയാന്റെ പരാമർശം ഒറ്റപ്പെട്ട സംഭവമല്ല. എ.കെ.ബാലനിലേക്കും സജി ചെറിയാനിലേക്കുമെക്കെ പാർട്ടി അധഃപതിച്ചു.
ലീഗിനെ പ്രകോപിപ്പിക്കുക എന്നുള്ളതാണ് ഇവരുടെ ലക്ഷ്യം. അതിന് ലീഗ് നിന്ന് കൊടുക്കില്ല. വർഗീയതയെ തടഞ്ഞു നിർത്തുന്നത് ലീഗാണെന്നും പി.എം.എ.സലാം പറഞ്ഞു.
Kerala
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് കെ.ടി.ജലീൽ. ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും അന്തിമ തീരുമാനം പാർട്ടിക്ക് എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇനി പുതുമുഖങ്ങൾക്ക് അവസരം നൽകണം.
തവനൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി ആരു മത്സരിച്ചാലും വിജയം ഉറപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജില്ലയിൽ ഉണ്ടാക്കിയ നേട്ടം നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കില്ലെന്നും ജലീൽ വ്യക്തമാക്കി.
അതേസമയം ജലീലിനെ വീണ്ടും മത്സരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം നേതൃത്വം. തവനൂർ രൂപീകൃതമായ 2011 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ജലീലാണ്. കെ.ടി. ജലീലിനോളംപോന്ന മറ്റൊരു സ്ഥാനാർഥിയില്ലെന്ന കണക്കുകൂട്ടലിലാണ് സിപിഎം നേതൃത്വം.
National
കോൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ഇടത് സഖ്യം അനിശ്ചിതത്വത്തിൽ. മുൻകാലങ്ങളിലെ സഖ്യ പരീക്ഷണങ്ങൾ വലിയ പരാജയമായിരുന്നു. ഈ പശ്ചാത്തലത്തിൽ സഖ്യം വേണോ അതോ ഒറ്റയ്ക്ക് മത്സരിക്കണോയെന്ന കാര്യത്തിൽ ഇരു പാർട്ടികൾക്കുമുള്ളിൽ ഭിന്നത രൂക്ഷമാണ്.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ശുഭങ്കർ സർക്കാരും ഒരു വിഭാഗം മുതിർന്ന നേതാക്കളും ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്ന നിലപാടിലാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സഖ്യങ്ങളെ ആശ്രയിക്കുന്നത് പാർട്ടിയുടെ അടിത്തറ തകർത്തുവെന്നാണ് ഇവരുടെ വാദം.
കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന ചിന്ത ഇടതുപക്ഷ നേതാക്കൾക്കുമുണ്ട്. കോൺഗ്രസ് ഒരു ബാധ്യതയാണെന്നാണ് ചില ഇടത് നേതാക്കളുടെ വിലയിരുത്തൽ. 2016 ൽ ഇടതുപക്ഷത്തിന് 20 ശതമാനത്തോളം വോട്ട് വിഹിതമുണ്ടായിരുന്നത് 2021ൽ വെറും 4.71 ശതമാനമായി കുറഞ്ഞു.
ഈ വോട്ടുകൾ വലിയതോതിൽ ബിജെപിയിലേക്ക് ചോരാൻ കോൺഗ്രസുമായുള്ള സഖ്യം കാരണമായോയെന്ന് ഇവർ സംശയിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഈകാര്യത്തിൽ തീരുമാനമുണ്ടാകും.
Kerala
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയവർക്കെല്ലാം പരവതാനി വിരിച്ചു സ്വീകരണം കൊടുത്ത് വലിയ പദവികൾ നൽകിയെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.
അതേസമയം കോൺഗ്രസിലേക്ക് ആരെങ്കിലും വന്നാൽ അവരെ വർഗവഞ്ചകർ എന്നുവിളിച്ചാക്ഷേപിക്കും. ഇത് ഇരട്ടത്താപ്പാണ്. ഈ ഇരട്ടത്താപ്പ് കേരളത്തിൽ ചിലവാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ ആരെയും പ്രലോഭിപ്പിച്ച് കൊണ്ടുവരുന്നതല്ല. സിപിഎം നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിൽ മനം മടുത്ത് ആളുകൾ രാജിവച്ചു പുറത്ത് വരുന്നതാണ്. സിപിഎമ്മിൽ കമ്യൂണിസമില്ലാത്ത് കൊണ്ട് അവർ പുറത്തുവരുന്നതാണ്.
കമ്യൂണിസ്റ്റുകാർക്ക് സിപിഎമ്മിൽ തുടരാൻ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു. അതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം. ജനങ്ങൾ വസ്തുതകൾ മനസിലാക്കുന്നുണ്ടെന്ന കാര്യം സിപിഎം നേതാക്കൾ ഓർക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ സിപിഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്നു മുതൽ ചേരും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം വരുത്തിയ മാറ്റങ്ങൾക്കും പുതിയ തൊഴിൽ കോഡിനുമെതിരെ ദേശീയ തലത്തിൽ ആവിഷ്കരിക്കേണ്ട സമരപരിപാടികളും ചർച്ച ചെയ്യും.
കേരളം, തമിഴ്നാട്, ബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണു തെരഞ്ഞെടുപ്പു വരാനിരിക്കുന്നത്. ഇതിൽ പാർട്ടിക്കു ഭരണമുള്ള ഏക സംസ്ഥാനം കേരളമാണ്. രണ്ടു തവണ തുടർച്ചയായി മത്സരിച്ചവർ മാറി നിൽക്കണമെന്ന ടേം വ്യവസ്ഥ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നടപ്പാക്കിയതു സിസിയുടെ അംഗീകാരത്തോടെയാണ്.
ടേം വ്യവസ്ഥയിൽ ഇളവുണ്ടാകണമെങ്കിലും സിസിയുടെ അംഗീകാരം വാങ്ങണം. മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മത്സരിക്കുമോയെന്ന കാര്യത്തിലും കേന്ദ്രകമ്മിറ്റിയിൽ തീരുമാനമുണ്ടാകും.
Kerala
ഇടുക്കി: സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ ദേവികുളം എംഎൽഎയുമായ എസ്.രാജേന്ദ്രൻ ബിജെപിയിലേക്ക്. രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്നും ബിജെപി നേതാക്കളുടെ സൗകര്യാർഥം മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയിൽ നിന്നു രാജേന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം പാർട്ടിക്കെതിരെ തിരിയുകയായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കുവേണ്ടി അദ്ദേഹം പ്രവർത്തിച്ചിരുന്നു.
ബിജെപി അംഗത്വമെടുത്താലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2006 മുതൽ 2021 വരെ തുടർച്ചയായ 15 വർഷം അദ്ദേഹം ദേവികുളം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് മുതിര്‍ന്ന നേതാക്കള്‍ രാജേന്ദ്രനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.
തമിഴ് കുടിയേറ്റ തൊഴിലാളികൾ അധിവസിക്കുന്ന ഇടുക്കി ജില്ലയുടെ മലയോരങ്ങളിൽ സ്വാധീനമുള്ള മറ്റ് പാർട്ടി നേതാക്കളെ ബിജെപിയിൽ എത്തിക്കാൻ കുറച്ചുനാളായി അവർ ശ്രമിച്ചുവരുകയാണ്.
Kerala
തിരുവനന്തപുരം: ഇടതു നിരീക്ഷകനെന്ന പദവി രാജിവച്ചെന്നും ഇനി മുതൽ രാഷ്ട്രീയ നിരീക്ഷകനാണെന്നും അഡ്വ.ബി.എൻ.ഹസ്കർ. ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട് ഇതുവരെ കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സർക്കാർ ഖജനാവിലേക്ക് തിരിച്ചടച്ചെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ ചാനൽ ചർച്ചകളിൽ പ്രതികരിക്കരുതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന് സിപിഎം നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രിയെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ചാനൽ ചർച്ചയിൽ അഡ്വ.ബി.എൻ.ഹസ്കർ വിമർശിച്ചിരുന്നു.
ഇടതുനിരീക്ഷകനെന്ന ലേബലിൽ ഇത്തരം പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് സിപിഎം ഹസ്ക്കറിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് തനിക്ക് ലഭിച്ച എല്ലാ സ്ഥാനങ്ങളും ആനുകൂല്യങ്ങളും തിരിച്ചേൽപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക വാഹനം, ഡ്രൈവർ, ഗൺമാൻ എന്നീ സൗകര്യങ്ങൾ തിരികെ നൽകിയതായും ഔദ്യോഗിക വസതി ഒഴിഞ്ഞതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിമർശകർക്ക് മറുപടിയെന്നോണം പേടിച്ചു പോയെന്ന് പറഞ്ഞേക്കൂവെന്നും അദ്ദേഹം കുറിച്ചു.
Kerala
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് എം.മുകേഷ് എംഎൽഎ. ജനസേവനം നടത്താന്‍ എംഎല്‍എ ആകണമെന്ന് നിര്‍ബന്ധമില്ല. എല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പൊതു പ്രവര്‍ത്തനം തുടരും.
തരുന്ന റോളുകള്‍ ബെസ്റ്റാക്കി കൈയിൽ കൊടുക്കുന്നതാണ് രീതി. ഒരിക്കലും മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പ്രകടിപ്പിക്കുകയുമില്ല. പാര്‍ട്ടിയുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കില്ലെന്നും മുകേഷ് പറഞ്ഞു.
അതേസമയം കൊല്ലത്ത് മുകേഷിനെ മാറ്റി ചിന്ത ജെറോമിനെ മത്സരിപ്പിക്കാൻ സിപിഎം നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവനേതാക്കളെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് സിപിഎം.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് ചൂട് ആരംഭിക്കുന്നതിനുമുന്നേ തന്നെ കണ്ണൂർ മണ്ഡലം ശ്രദ്ധേയമാകുകയാണ്. കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ നാലാമൂഴത്തിനായി ഇറങ്ങുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
2011 മുതൽ കടന്നപ്പള്ളി കണ്ണൂർ മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിലുണ്ട്. 2011ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എ.പി. അബ്ദുള്ളക്കുട്ടിയോടു പരാജയപ്പെട്ടെങ്കിലും തോൽവി വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള പോരാട്ടങ്ങൾ.
2016ൽ കോൺഗ്രസിലെ സതീശൻ പാച്ചേനിയെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ കടന്നപ്പള്ളി 2021ലും വിജയമാവർത്തിച്ചു. 2016ൽ 1196 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയമെങ്കിൽ 2021 ഭൂരിപക്ഷം 1745 ആക്കി ഉയർത്തിയാണ് കടന്നപ്പള്ളി നിയമസഭയിലെത്തിയത്. രണ്ട് ഇടത് മന്ത്രിസഭയിലും അംഗമായിരുന്നു.
കെഎസ്യു സംസ്ഥാന പ്രസിഡന്റായിരിക്കേ 1971ൽ കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലായിരുന്നു കന്നിമത്സരവും വിജയവും. സിപിഎമ്മിലെ ഇ.കെ. നായനാരെ തോല്പിച്ചാണ് യുവതുർക്കിയായ കടന്നപ്പള്ളി ലോക്സഭയിലെത്തിയത്.
77ലും വിജയം ആവർത്തിച്ചു. കോൺഗ്രസിലെ പിളർപ്പിനെ തുടർന്നാണ് എൽഡിഎഫിലെത്തുന്നത്. കോൺഗ്രസിൽനിന്ന് പിളർന്ന് എൽഡിഎഫിലെത്തിയ നേതാക്കൾ പലരും മാതൃസംഘടനയിലേക്ക് തിരിച്ചുപോയെങ്കിലും കടന്നപ്പള്ളി എൽഡിഫിനൊപ്പം ഉറച്ചു നിന്നു. 1996ൽ കാസർഗോഡ് ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും വിജയിച്ചില്ല.
1980 മുതൽ ഇങ്ങോട്ട് കടന്നപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമാണ്. 1980ൽ ഇരിക്കൂറിലും2001ൽ പേരാവൂരിലും മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2006ൽ എടക്കാട്ടുനിന്നു വിജയിച്ച് നിയമസഭയിലെത്തിയ കടന്നപ്പള്ളിക്ക് 2011ൽ കണ്ണൂരിൽ അടിപതറി. എന്നാൽ തുടർന്നുള്ള രണ്ട് തെരഞ്ഞെടുപ്പിലും കണ്ണൂർ കടന്നപ്പള്ളിക്കൊപ്പമായിരുന്നു. കണ്ണൂരിൽ വിജയമാവർത്തിക്കാൻ ഇക്കുറിയും കടന്നപ്പള്ളി ഇറങ്ങുമോ എന്നതാണ് അറിയേണ്ടത്.
ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഇത്തവണ മത്സരിച്ചേക്കില്ലെന്ന സൂചനയുണ്ട്. കടന്നപ്പള്ളിയില്ലെങ്കിൽ കണ്ണൂർ കോൺഗ്രസ്-എസിന് നൽകാതെ സിപിഎം ഏറ്റെടുക്കും. പകരം മറ്റെവിടെയെങ്കിലും കോൺഗ്രസ്-എസിന് സീറ്റ് നൽകും. സീറ്റ് സിപിഎം ഏറ്റെടുക്കുകയാണെങ്കിൽ എൽഡിഎഫ് ജില്ലാ കൺവീനർ എൻ. ചന്ദ്രൻ, എൻ. സുകന്യ, എം.വി. നികേഷ് കുമാർ എന്നിവരെ പരിഗണിച്ചേക്കും.
കോൺഗ്രസിൽ കെ. സുധാകരനാണ് പ്രഥമ പരിഗണനയിലുള്ളത്. സുധാകരനില്ലെങ്കിൽ മുൻ മേയർ ടി.ഒ. മോഹനൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, അമൃത രാമകൃഷ്ണൻ എന്നിവരെ പരിഗണിച്ചേക്കും.
Kerala
കൊച്ചി: സിപിഎം നേതാവ് എ.കെ.ബാലനെതിരെ ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസയച്ചു. യുഡിഎഫ് അധികാരത്തിൽവന്നാൽ ആഭ്യന്തരവകുപ്പ് ജമാഅത്തെ ഇസ്ലാമിക്കായിരിക്കുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നും ബാലൻ പറഞ്ഞിരുന്നു.
ഈ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി മുഹമ്മദ് സാഹിബാണ് നോട്ടീസ് അയച്ചത്. പ്രസ്താവന ഏഴു ദിവസത്തിനകം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം.
ക്ഷമാപണം നടത്തിയില്ലെങ്കിൽ ക്രിമിനൽ നടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടീസിൽ പറയുന്നു. ഒരു കോടിരൂപ നഷ്ട പരിഹാരം വേണമെന്നും നോട്ടീസിൽ പറയുന്നു.
ബാലന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവും ജമാഅത്തെ ഇസ്ലാമി അമീറും രംഗത്തെത്തിയിരുന്നു. വര്‍ഗീയ വിഭജനത്തിനാണ് സിപിഎം നീക്കമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബാലൻ അഭിനവ ഗീബൽസ് ആകരുതെന്ന് ജമാഅത്തെ ഇസ്ലാമി അമീറും പറഞ്ഞിരുന്നു.
Kerala
കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ തർക്കവും ഇറങ്ങിപ്പോക്കും. കൊല്ലം കോർപറേഷൻ തോൽവിയെ കുറിച്ചുള്ള റിപ്പോർട്ടിങ്ങിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയത് തിരിച്ചടിക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനെ എതിർത്ത് മേയർ സ്ഥാനാർഥിയായിരുന്ന വി.കെ.അനിരുദ്ധൻ രംഗത്തെത്തിയതോടെ രൂക്ഷമായ തർക്കമുണ്ടായി.
തുടർന്ന് അനിരുദ്ധൻ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് നാടകീയ രംഗങ്ങളുണ്ടായത്.
നാടകവും, സാമ്പശിവന്റെ കഥാപ്രസംഗവും കണ്ടാണ് സിപിഎമ്മിൽ എത്തിയതെന്നും പാർട്ടിയാണ് തനിക്ക് എല്ലാമെന്നും വി.കെ.അനിരുദ്ധൻ യോഗത്തിൽ മറുപടി നൽകി. ഇതിനുശേഷം അദ്ദേഹം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
25 വർഷത്തെ ഇടതു ഭരണം അവസാനിപ്പിച്ചാണ് യുഡിഎഫ് കോർപറേഷൻ പിടിച്ചത്. ബിജെപിയും ഇവിടെ നേട്ടമുണ്ടാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറ് സീറ്റു നേടുമെന്ന വി.ഡി.സതീശന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് കെ.കെ.ഷൈലജ എംഎൽഎ. യുഡിഎഫ് എന്ത് അടിസ്ഥാനത്തിലാണ് 100 സീറ്റ് ലഭിക്കുമെന്ന് പറയുന്നത്.
140 സീറ്റ് കിട്ടുമെന്ന് പറയാമല്ലോയെന്നും ഷൈലജ പരിഹസിച്ചു. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കിയപ്പോൾ യുഡിഎഫ് ഒന്നും ചെയ്തില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ യുഡിഎഫ് ഒരക്ഷരം പറഞ്ഞില്ല. യുഡിഎഫിന് ഒറ്റ ലക്ഷ്യമാണുള്ളത്.
ഇടതു പക്ഷത്തെ ഇല്ലാതാക്കി ഇത്തവണ അധികാരത്തിൽ വരിക എന്നതാണ് അവരുടെ ലക്ഷ്യം. രാഹുൽ മാങ്കൂട്ടത്തിലിനെയും ഷൈലജ വിമർശിച്ചു. എന്തൊരു ക്രൂരതയാണ് ആ ചെറുപ്പക്കാരൻ കാണിച്ചത്. എന്നിട്ട് നുണപറയുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ക്രൂരത കോൺഗ്രസ് നേരത്തെ തിരിച്ചറിഞ്ഞതാണ്. അവർ അത് പൂഴ്ത്തി വെച്ചുവെന്നും ഷൈലജ കുറ്റപ്പെടുത്തി. വിവരം പുറത്ത് വന്നപ്പോൾ ഇയാളെ പുറത്താക്കുന്നുവെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും കെ.കെ.ഷൈലജ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ യുഡിഎഫ് നേടുമെന്ന വി.ഡി.സതീശന്റെ അവകാശവാദത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ബോംബ് പൊട്ടുമെന്ന് സതീശൻ പറഞ്ഞിട്ട് പൊട്ടിയില്ല.
അതുപോലെ നൂറിടത്ത് കോൺഗ്രസ് പൊട്ടുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ വരും. സതീശൻ എന്ത് ബോംബ് പൊട്ടിച്ചാലും അധികാരത്തിൽ വരുന്നത് എൽഡിഎഫായിരിക്കും.
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കോൺഗ്രസ് സുൽത്താൻ ബത്തേരിയിൽ നേതൃക്യാമ്പ് ചേർന്നതിനു പിന്നാലെയാണ് ഗോവിന്ദന്റെ പരിഹാസം. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ മതനിരപേക്ഷ നിലപാടുകളോട് സിപിഎമ്മിന് എല്ലാ കാലത്തും യോജിപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ നിലപാട് അദ്ദേഹം സ്വീകരിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്വം സിപിഎം ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
സിപിഐ ചതിയൻ ചന്തുവാണെന്ന നിലപാട് ഞങ്ങൾക്ക് ഇല്ല. സിപിഐയുമായി ഏറ്റവും നല്ല ഐക്യത്തിലാണ്. അത് തുടർന്ന് മുമ്പോട്ട് കൊണ്ടുപോകും. ഇത്തരത്തിൽ പറഞ്ഞതിന് ഉത്തരവാദി ഞങ്ങളല്ല. അതിനുള്ള ഉത്തരം വെള്ളാപ്പള്ളിയാണ് പറയേണ്ടത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുമതിയുമായി ബന്ധപ്പെട്ട വിഷയം ഭരണപരമായ കാര്യങ്ങളാണ്. അതിന്റെ സാങ്കേതികത്വം സർക്കാരിന് മാത്രമേ പറയാൻ പറ്റൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സർക്കാരിനു തെറ്റുപറ്റിയ കാര്യം സമ്മതിച്ചത്.
പിന്നീട് പാർട്ടി ഇടപെട്ട് തെറ്റ് തിരുത്തി. മറ്റ് പല വിഷയങ്ങള്‍ക്കൊപ്പം പിഎം ശ്രീ വിവാദവും തദ്ദേശതെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായിരിക്കാം. മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽവരും. എല്‍ഡിഎഫിന് 60 സീറ്റുകള്‍ ജയിക്കാനാകുന്ന സാഹചര്യം ഇപ്പോഴുമുണ്ട്.
രാഷ്ട്രീയ മത്സരം നടന്ന ജില്ലാ പഞ്ചായത്തിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമാണ്. പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ യുഡിഎഫിനേക്കാള്‍ 17 ലക്ഷം വോട്ടുകള്‍ എൽഡിഎഫിന് അധികമുണ്ട്. അമിത ആത്മവിശ്വാസം കൊണ്ടാണ് തോല്‍വിയുണ്ടായത്.
ഇത് സംഘടനാ വീഴ്ചയാണെന്നും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തി മുന്നോട്ട് പോകുമെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വി.കെ.പ്രശാന്ത് എംഎല്‍എയുമായുള്ള തര്‍ക്കത്തിനിടെ ഓഫീസ് തുറന്ന് ആര്.ശ്രീലേഖ. ചെറിയൊരിടത്ത് ഇന്ന് മുതൽ സേവനം തുടങ്ങിയെന്ന് പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ശ്രീലേഖ വീണ്ടും രംഗത്തെത്തിയത്.
ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റിനൊപ്പം ശ്രീലേഖ പങ്കുവെച്ചിട്ടുണ്ട്. കഷ്ടിച്ച് 70-75 സ്ക്വയര്‍ ഫീറ്റ് മാത്രമുള്ള ചെറിയ മുറിയാണെന്നും കെട്ടിടത്തിന് ചുറ്റും ടണ്‍ കണക്കിന് മാലിന്യമാണെന്നും ശ്രീലേഖ പോസ്റ്റിൽ വിമര്‍ശിക്കുന്നുണ്ട്.
ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വി.കെ.പ്രശാന്ത് എംഎൽഎയുടെ ഓഫീസ് ഒഴിയണമെന്ന് നേരത്തെ ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.
വിഷയം വിവാദമായതോടെ താൻ കൗൺസിൽ ഓഫീസിൽ തന്നെ തുടരമെന്നായിരുന്നു ശ്രീലേഖയുടെ നിലപാട്. പിന്നാലെയാണ് വിഷയം വീണ്ടും ഉന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിന്റെ നിലപാടുകളെ തള്ളി സിപിഐ. സിപിഎം വസ്തുതകൾ മറച്ച് വെയ്ക്കുകയാണ്. ശബരിമല സ്വർണക്കൊള്ള തോൽവിക്ക് കാരണമായി. ഭരണ വിരുദ്ധ വികാരവും തിരിച്ചടിയായിയെന്ന് സിപിഐ വിലയിരുത്തി.
ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം നേതാക്കൾ ആവർത്തിക്കുമ്പോഴാണ് സിപിഐ ഇതിനെ എതിർത്ത് രംഗത്തെത്തിയത്. പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിയായി. സിപിഐ എക്സിക്യൂട്ടീവിലാണ് സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയർന്നപ്പോൾ കോൺഗ്രസ് നടപടിയെടുത്തു. പത്മകുമാറിനെതിരെ സിപിഎം എന്ത് നടപടിയെടുത്തു. സിപിഎം ന്യായീകരണങ്ങൾ നിരത്തി പത്മകുമാറിനെ സംരക്ഷിച്ചെന്നും സിപിഐ എക്സിക്യൂട്ടീവിൽ വിമർശനമുയർന്നു.
ഞായറാഴ്ച ചേർന്ന സിപിഎം യോഗത്തിലും ശബരിമല സ്വർണ്ണക്കൊള്ളയും പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതും തിരിച്ചടിയായെന്ന് വിലയിരുത്തിയിരുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ പരാജയത്തിന്റെ കാരണം കണ്ടെത്തിയെന്നും പരിഹാര നടപടികൾ ആരംഭിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അമിത ആത്മവിശ്വാസം, സംഘടനാ ദൗർബല്യം, പ്രാദേശിക വീഴ്ച തുടങ്ങിയ കാരണങ്ങളാണ് അപ്രതീക്ഷിത തോൽവിക്ക് കാരണം.
വീടുകൾ സന്ദർശിക്കാൻ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. വോട്ടിംഗ് കണക്ക് നോക്കിയാൽ 60 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ലീഡുണ്ട്. ശരിയായ രാഷ്ടീയ പ്രചാരണവും സംഘാടന മികവും ഉണ്ടെങ്കിൽ തിരിച്ച് പിടിക്കാം.
സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താൻ സാധിക്കും. ശബരിമലപോലുള്ള വിഷയങ്ങളിൽ യുഡിഎഫും ബിജെപിയും കള്ളപ്രചാരവേല നടത്തിയിരുന്നു. ആ പരിശ്രമം അവർ ഉദ്ദേശിച്ച പോലെ വിജയിച്ചില്ല.
കണക്കുകൾ ഇതാണ് കാണിക്കുന്നത്. ശബരിമല ഉൾക്കൊള്ളുന്ന പന്തളം മുനിസിപ്പാലിറ്റി ബിജെപിയിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ബിജെപി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനേക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിച്ചിട്ടും നേരിയ വർധന മാത്രമാണ് ഉണ്ടായിട്ടുള്ളത്.
അവരുടെ അവകാശവാദങ്ങൾ പൊളിഞ്ഞു. പാലക്കാട് പോലും കേവലഭൂരിപക്ഷം നേടാനായില്ല. യഥാർത്ഥത്തിൽ ബിജെപിയെ നേരിട്ടതും പ്രതിരോധിച്ചതും എൽഡിഎഫാണ്. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ജയിച്ച 41 വാർഡിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്.
സംസ്ഥാനത്താകെ ഇതേ അവസ്ഥയാണ് പരസ്പരം വോട്ട് കൈമാറ്റം നടന്നിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് എൽഡിഎഫ് സംസ്ഥാന ജാഥ നടത്തുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടി നേരിട്ടെങ്കിലും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം സംസ്ഥാനസമിതിയിൽ വിലയിരുത്തൽ. ശബരിമല വിവാദവും സ്വർണക്കൊള്ളയിൽ നടപടി എടുക്കാത്തതും തിരിച്ചടിയായി.
ജനങ്ങളെ വിശ്വാസത്തിലെടുക്കാനായില്ലെന്നും പത്മകുമാറിനെതിരെ നടപടി ഇല്ലാത്തത് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ചർച്ചയിൽ അഭിപ്രായമുണ്ടായി. ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും സമാനമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. പത്മകുമാറിനെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന ചോദ്യമാണ് പ്രചാരണ സമയത്ത് പല ഭാഗത്തുനിന്നും നേരിട്ടത്.
ഇതിന് മറുപടി നൽകാൻ കഴിഞ്ഞില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയം ഉണ്ടാകുമെന്നായിരുന്നു പല ജില്ലാ കമ്മിറ്റികളുടെയും വിലയിരുത്തൽ. എന്നാൽ കനത്ത തിരിച്ചടി നേരിട്ടു. ഭരണരംഗത്ത് വിവാദങ്ങളില്ലാത്ത കാലമാണ് കടന്നുപോയത്. പിഎംശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് തിരിച്ചടിയായി.
ഒരു ആലോചനയും കൂടാതെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് തെറ്റിദ്ധാരണകൾക്ക് വഴിവെച്ചു. സിപിഎം - ബിജെപി ധാരണയെന്ന യുഡിഎഫ് പ്രചാരണത്തിന് അത് ഒരളവ് വരെ വിശ്വാസ്യത കൂട്ടിയെന്നും വിമർശനം ഉയർന്നു. അയ്യപ്പ സംഗമത്തിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു.
എൽഡിഎഫ് സർക്കാർ അയ്യപ്പ സംഗമം സംഘടിപ്പിച്ചത് വേറെ നിലയിൽ വ്യാഖ്യാനിക്കപ്പെട്ടു. പിന്നീട് പുറത്തുവന്ന സ്വർണക്കൊള്ളയും വ്യാഖ്യാനങ്ങൾക്ക് ആക്കംകൂട്ടി. സർക്കാർ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സംഘടനാ വീഴ്ചയുണ്ടായി.
ഇതെല്ലാം പരിഹരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമെന്നും സംസ്ഥാന സമിതി വിലയിരുത്തി.
District News
കൊല്ലം: യുഡിഎഫ് -ബിജെപി അവിശുദ്ധ സഖ്യം മറയ്ക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നു ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹൻ പത്രസമ്മേളനത്തിൽആരോപിച്ചു. തെരഞ്ഞെടുപ്പിനു ശേഷം കൊല്ലംകോർപറേഷനിലെ പരാജയം ഉയർത്തിക്കാട്ടി ജില്ലയിലാകെ എൽഡിഎഫ് പ്രത്യേകിച്ച് സിപി എം തകർന്നു എന്നുപ്രചരിപ്പിക്കാനായിരുന്നു ഈ ചില മാധ്യമങ്ങളുടെ ആദ്യ ശ്രമം ഇതിന്റെ തുടർച്ചയായാണ് ജില്ലാ കമ്മിറ്റിയിൽ നടന്നുവെന്ന പേരിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ കൂടാതെ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ ന്യൂനപക്ഷവർഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് യു ഡി എഫ് വിജയം എന്ന എൽഡിഎഫ് ആരോപണം ശരിവയ്ക്കുന്ന വാർത്തകളാണ് ഇപ്പോൾ കൊല്ലത്ത് നിന്നു വരുന്നത്. നിയുക്ത മേയർ എ.കെ.ഹഫീസിനെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സന്ദർശിച്ച് പിന്തുണ അറിയിച്ച വിവരമാണ് പുറത്തു വരുന്നത്. ഇക്കാര്യത്തിൽ യൂഡിഎഫ് ഘടകകക്ഷികളുടെയും എ.കെ. ഹഫീസിന്റെയും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രത്യേക ക്ഷണിതാവായ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പി.കെ ഗുരുദാസന്റെ പേരിൽ വരുന്ന വാർത്തകൾ തികഞ്ഞ അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ഔദ്യോഗിക വാഹനം വിട്ടു നൽകാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തു സെക്രട്ടറിയെ സിപിഎം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശി വഴിയിൽ തടഞ്ഞു. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്തിലെ സെക്രട്ടറിയെയാണ് വെള്ളനാട് ശശി തടഞ്ഞത്.
പഞ്ചായത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ റിപ്പോർട്ടുകൾ കളക്ടറേറ്റിൽ സമർപ്പിച്ചു മടങ്ങിവരുന്നതിനിടെയാണ് സംഭവം. വെള്ളനാട് കുളക്കോട് ഭാഗത്ത് വെച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ കാർ ഇയാൾ തടയുകയായിരുന്നു.
വിവിധ ഇടങ്ങളിൽ പോകാനായി വാഹനം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാൽ വൈകുന്നേരം അഞ്ചിനു ശേഷം ഔദ്യോഗിക വാഹനം വിട്ടുകൊടുക്കാനാകില്ലെന്ന് സെക്രട്ടറി പറഞ്ഞു. തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്.
Kerala
കണ്ണൂർ: പോലീസിനു നേരെ ബോംബെറിഞ്ഞ കേസില്‍ 20 വർഷത്തെ ശിക്ഷലഭിച്ച സിപിഎം നേതാവ് വി.കെ.നിഷാദിന് പരോള്‍. ഷുക്കൂർ വധവുമായി ബന്ധപ്പെട്ട സംഘർഷത്തിലാണ് ഇയാൾ പോലീസിനു നേരെ ബോംബെറിഞ്ഞത്.
കേസിൽ കഴിഞ്ഞ മാസമാണ് നിഷാദിനെ കോടതി ശിക്ഷിച്ചത്. കണ്ണൂർ സെൻട്രൽ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഇയാൾക്ക് പരോൾ ലഭിക്കുന്നത്. ആറ് ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.
നിഷാദിന്റെ പിതാവിന് അസുഖം ആയതിനാല്‍ പരോള്‍ അനുവദിച്ചെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. നിലവില്‍ 16 കേസുകളില്‍ പ്രതിയാണ് വി.കെ.നിഷാദ്. കൊലപാതകം, സംഘംചേര്‍ന്ന് ഭീഷണിപ്പെടുത്തല്‍, മര്‍ദിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കേസുകളാണ് നിഷാദിനെതിരേയുള്ളത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയിലെ 46-ാം വാര്‍ഡ് മൊട്ടമ്മലില്‍ നിന്ന് മത്സരിച്ച നിഷാദ് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. എന്നാൽ ജയിലിലായതിനാല്‍ നിഷാദ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.
Kerala
തിരുവനന്തപുരം: മേയർ, ഡെപ്യൂട്ടി മേയർ സത്യപ്രതിജ്ഞാ ചടങ്ങിൽ ചട്ടലംഘനം നടന്നെന്ന് ആരോപിച്ച് സിപിഎം ഹൈക്കോടതിയെ സമീപിക്കും. വിവിധ ദൈവങ്ങളുടെ പേരില്‍ ചിലർ സത്യപ്രതിജ്ഞ ചെയ്തു.
ഇത്തരത്തിൽ 20 പേരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നും സിപിഎം കൗണ്‍സിലര്‍ എസ്.പി. ദീപക് ആരോപിച്ചു. നഗരസഭയെ കാവിവത്കരിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ചട്ടങ്ങൾ ലംഘിച്ച് സത്യപ്രതിജ്ഞ നടന്നത്.
ഇതു സംബന്ധിച്ച് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്കി. ഹൈക്കോടതിയെ സമീപിക്കാനാണ് റിട്ടേണിംഗ് ഓഫീസര്‍ പറഞ്ഞതെന്നും എസ്.പി. ദീപക് വ്യക്തമാക്കി.
Kerala
പാലക്കാട്: വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം ആക്രമിച്ചു കൊന്നതിനു പിന്നിൽ ആര്‍എസ്എസ് നേതാക്കളെന്ന് മന്ത്രി എം.ബി.രാജേഷ്. ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് രാം നാരായണനെ ആള്‍ക്കൂട്ടം ആക്രമിച്ചത്.
ആര്‍എസ്എസ് നേതാക്കളാണ് ഇതിന് നേതൃത്വം നൽകിയത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും. സംഘപരിവാര്‍ രാജ്യമാകെ പടര്‍ത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ വംശീയ വിഷത്തിന്റെ ഇരയാണ് രാം നാരായണ്‍.
സര്‍ക്കാര്‍ രാം നാരായണന്റെ കുടുംബത്തിനൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 18 നാണ് ഛത്തീസ്ഗഢ് സ്വദേശിയായ രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ മര്‍ദിച്ചത്. നീ ബംഗ്ലാദേശി ആണോടാ എന്നടക്കം ചോദിച്ചായിരുന്നു മര്‍ദനം.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം. എ.പത്മകുമാറിനെതിരെ സംഘടനാ നടപടി സ്വീകരിക്കേണ്ടിയിരുന്നു.
ഇത് എതിരാളികൾ ആയുധമാക്കി. എ.പത്മകുമാറിനെതിരെ നടപടിക്ക് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യം ഉയർന്നു. മുൻ എംഎൽഎ കെ.സി. രാജഗോപാലൻ പഞ്ചായത്തിൽ മത്സരിച്ചതിനെതിരെയും വിമർശനമുയർന്നു.
മത്സരം പ്രാദേശിക വിഭാഗീയതയ്ക്ക് കാരണമായി. സിപിഎം മൂട് താങ്ങികളുടെ പാർട്ടിയായി. മെഴുവേലി പഞ്ചായത്തിൽ തന്നെ കാലുവാരി തേൽപ്പിക്കാൻ ശ്രമിച്ചെന്നും കെ.സി.രാജഗോപാലൻ ആരോപിച്ചിരുന്നു.
ഇത് അച്ചടക്കലംഘനമാണ്. പരസ്യ പ്രതികരണം നടത്തിയതിൽ വിശദീകരണം തേടുമെന്നും ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ ചില തിരിച്ചടികളുണ്ടായി. ആ സാഹചര്യം മാറും.
തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുകൾ സൂക്ഷമായി പരിശോധിച്ചാൽ എൽഡിഎഫിന് 64 സീറ്റുകളിൽ മുൻ തൂക്കമുണ്ട്. ഇത് സൂചിപ്പിക്കുന്നത് എൽഡിഎഫിന് തുടർഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ടെന്നാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും അടിത്തറ തകർന്നുവെന്ന വലതുപക്ഷ കക്ഷികളുടെയും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളുടെയും വിശകലനത്തെ അംഗീകരിക്കാൻ കഴിയില്ല.കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും പഞ്ചായത്തുകളിലും യുഡിഎഫിന് മുൻതൂക്കമുണ്ട്.
രാഷ്ട്രീയ പോരാട്ടം നടന്ന ജില്ലാ പഞ്ചായത്തിൽ ഒപ്പത്തിനൊപ്പമാണ്. അതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായി സിപിഎം നേതാവും പൊൽപുള്ളി പഞ്ചായത്ത് പ്രസിഡന്റുമായ ബാലഗംഗാധരൻ ബിജെപിയിൽ ചേർന്നു. 20 വർഷം സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ബാലഗംഗാധരൻ നിലവിൽ പൊൽപുള്ളി പഞ്ചായത്ത് പ്രസിഡന്റാണ്.
പാർട്ടി വ്യക്തിയധിഷ്ടിതമായതിനാലാണ് സിപിഎം വിട്ടതെന്ന് ബാലഗംഗാധരൻ പറഞ്ഞു. പാർട്ടി തന്നെ പലപ്പോഴും മാറ്റിനിർത്തി. സത്യം പറഞ്ഞതിനാണ് മാറ്റിനിർത്തിയതെന്നും ബാലഗംഗാധരൻ പറഞ്ഞു.
ബാലഗംഗാധരനെ ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ബിജെപിയിലേക്ക് സ്വീകരിച്ചു. ബാലഗംഗാധരന്റെെ പാർട്ടി മാറ്റത്തെക്കുറിച്ച് സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തൽ. രാഷ്ട്രീയ പോരാട്ടം നടന്ന ജില്ലാ പഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പം പിടിച്ചു.
സർക്കാരിനോടുള്ള എതിർപ്പല്ല. മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചത്. എതിർപ്പുകളെ മറികടന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചു വരാനാകുമെന്നും പാർട്ടി വിലയിരുത്തി. ശബരിമല സ്വർണക്കൊള്ള തിരിച്ചടി ആയിട്ടുണ്ട്. അതിനെ മറികടക്കണം.
തിരുവനന്തപുരം, കൊല്ലം കോർപറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. സാമുദായിക സമവാക്യങ്ങൾ പാലിക്കാതെയാണ് പലയിടത്തും സ്ഥാനാർഥികളെ നിശ്ചയിച്ചതെന്നും വിമർശനം ഉയർന്നു.
Kerala
നെടുമ്പാശേരി: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിലവിലെ സിപിഎം വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് എറിഞ്ഞ കേസില്‍ സിപിഎം പ്രവര്ത്തകൻ അറസ്റ്റിൽ.
നെടുമ്പാശേരി പോസ്റ്റ് ഓഫീസ് കവലയ്ക്കു സമീപം തെക്കേപ്പറമ്പില്‍ വീട്ടില്‍ തിലകന് (56) ആണ് പിടിയിലായത്. 12ന് രാത്രിയാണ് സംഭവം. 16-ാം വാര്‍ഡ് മെംബര്‍ ബിന്ദു സാബുവിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് കത്തിച്ച് വലിച്ചെറിഞ്ഞെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്.
വാര്‍ഡില്‍ സിപിഎമ്മിനകത്തെ തര്‍ക്കങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിലും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.
നിലവിലെ മെംബറായിരുന്ന ബിന്ദു സാബുവിന് ഇക്കുറി പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. ഈ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുകയും ചെയ്തു. ഫല പ്രഖ്യാപനത്തിന്റെ തലേന്നാണ് ഗുണ്ട് കത്തിച്ച് എറിഞ്ഞത്.
Kerala
കണ്ണൂർ: ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ഇരിട്ടി വട്ടക്കയത്തുണ്ടായ സംഭവത്തിൽ വട്ടക്കയം സ്വദേശി സുനിൽകുമാർ, ഭാര്യ ബിന്ദു എന്നിവർക്കാണ് മർദനമേറ്റത്.
അക്രമി സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. സ്ഫോടക വസ്തു എറിയുന്നതിനിടെ അക്രമി സംഘത്തിലെ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന് പിന്നിൽ സിപിഎ പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി തിരുത്തൽ നടപടികളിലേക്കു കടക്കാൻ സിപിഎമ്മും എൽഡിഎഫും. തെരഞ്ഞെടുപ്പു വിധി അവലോകനം ചെയ്യാൻ തിങ്കളാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും.
ശബരിമല സ്വർണപ്പാളി വിവാദം തദ്ദേശ തെരഞ്ഞെടുപ്പു വിധിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണു വിലയിരുത്തൽ. സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ സിപിഎം നേതാക്കളെ തള്ളിപ്പറയാൻ എൽഡിഎഫ് സർക്കാരിനും പാർട്ടിക്കും കഴിയാതിരുന്നത് തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ന്യൂനപക്ഷ വിഭാഗങ്ങളെ അവഗണിച്ചെന്ന പരാതിയും സിപിഎമ്മിലെ ചില മുതിർന്ന നേതാക്കൾ ഉന്നയിക്കുന്നുണ്ട്. എൽഡിഎഫ് നേതൃയോഗവും തിങ്കളാഴ്ച ചേരും. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി തന്നെയാണ് ഇടതുമുന്നണി യോഗത്തിലേയും പ്രധാന വിലയിരുത്തൽ.
Kerala
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ പിണറായിസത്തിന് കനത്ത തിരിച്ചടി ലഭിച്ചെന്ന് മുൻ എംഎൽഎ പി.വി.അൻവർ. ഇടതുപക്ഷം സ്വീകരിച്ച വർഗീയ നിലപാടുകളാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വാ തുറന്നാൽ പറയുന്നത് വർഗീയതയാണ്. ഇടതുപക്ഷ പ്രസ്ഥാനം വർഗീയതയ്ക്ക് എതിരെ നിലകൊണ്ട് തൊഴിലാളികൾക്ക് വേണ്ടി നിലകൊണ്ട പ്രസ്ഥാനമായിരുന്നു.
ഈ രണ്ട് നിലപാടിൽ നിന്നും വ്യതിചലിച്ച് കേരളത്തെ പരിപൂർണമായി വർഗീയവത്കരിക്കാൻ പിണറായി ശ്രമിച്ചു. തൊഴിലാളികൾക്കു വേണ്ടി നിലകൊണ്ടിരുന്ന പാർട്ടി പരിപൂർണമായും തൊഴിലാളി വിരുദ്ധമായിമാറിയെന്നും അൻവർ പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. കൊച്ചിയിലും തിരുവനന്തപുരത്തും കൊല്ലത്തും ആദ്യ സൂചന എൽഡിഎഫിന് അനുകൂലമാണ്. തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ് മൂന്ന്, യുഡിഎഫ് മൂന്ന്, എൻഡിഎ രണ്ട് സീറ്റിലും ലീഡു ചെയ്യുകയാണ്.
സ്ഥാനാർഥിത്വത്തിൽ വിവാദമുണ്ടായ മുട്ടടയിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് പിന്നിൽ നിൽക്കുകയാണ്. കൊല്ലം കോർപറേഷനിൽ എൽഡിഎഫ് ഏഴു സീറ്റിലും യുഡിഎഫ് രണ്ട് സീറ്റിലും ലീഡു ചെയ്യുകയാണ്.
Kerala
മലപ്പുറം: തിരൂർ വഴി സർവീസ് നടത്തിയിരുന്ന പ്രീമിയം സൂപ്പർഫാസ്റ്റുകൾ പിൻവലിച്ചുകൊണ്ട് കെഎസ്ആർടിസി ഇറക്കിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. തീവ്രത കൂടിയത് ഇനിയില്ല തീവ്രത കുറഞ്ഞത് മാത്രമെന്ന കെഎസ്ആർടിസി തിരൂർ ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.
പത്തനംതിട്ട - മാനന്തവാടി, പാല - പാണത്തൂർ റൂട്ടിലാണ് നിലവിലുണ്ടായിരുന്ന സൂപ്പർഫാസ്റ്റുകൾ പിൻവലിച്ച് പ്രീമിയം ബസുകൾ ഓടിച്ചത്. എന്നാൽ വരുമാനം കുറഞ്ഞതോടെ പ്രീമിയം ബസുകൾ പിൻവലിച്ച് സൂപ്പർഫാസ്റ്റുകൾ ഓടിക്കാൻ കെഎസ്ആർടിസി തീരുമാനിക്കുകയായിരുന്നു.
സ്റ്റോപ്പ് കുറച്ചും നിരക്ക് കൂട്ടിയും ആരംഭിച്ച പ്രീമിയം ബസുകളിൽ വരുമാനം കുറവായിരുന്നു. അതിനാൽ മുമ്പുണ്ടായിരുന്ന സൂപ്പർഫാസ്റ്റുകൾ സർവീസ് തുടരുമെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിന്റേത് തീവ്രത കൂടിയ പീഡനമെന്നും എം.മുകേഷിന്റേത് തീവ്രത കുറഞ്ഞതെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലസിതാ നായർ പറഞ്ഞിരുന്നു. ഇതിനെ ട്രോളിയായിരുന്നു കെഎസ്ആർടിസിയുടെ പോസ്റ്റ്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് പുറത്താക്കിയതിനു പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേട്ടുകേൾവിയില്ലാത്ത പരാതികളാണ് വരുന്നത്. രാഹുലിനെ സംരക്ഷിക്കാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചു.
കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതോടെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. രാഹുലിന്റെ രാജി കേരളം മുഴുവൻ ആവശ്യപ്പെടും. രാഹുലിന്റെ കേസും മുകേഷ് എംഎൽഎയുടെ കേസും വ്യത്യസ്ഥമാണ്. മുകേഷ് പാർട്ടി മെമ്പറല്ല.
മുകേഷിനെതിരെ പാർട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സംഘടനയിൽ ഇല്ലാത്ത ആൾക്കെതിരെ എങ്ങനെ നടപടിയെടുക്കുമെന്നും എം.വി.ഗോവിന്ദൻ ചോദിച്ചു.
Kerala
പത്തനംതിട്ട: ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം സിപിഎമ്മിൽ ചേർന്നു. മുൻ കേന്ദ്ര മന്ത്രി വി.മുരളീധരന്റെ ബന്ധു കോട്ടേത്ത് ഹരിയാണ് ബിജെപി വിട്ടത്. പന്തളം നഗരസഭയിലെ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട എതിര്‍പ്പാണ് പാർട്ടി വിടാന്‍ കാരണമെന്നാണ് സൂചന.
ഹരികുമാറിനെ സ്കൂളിൽ പഠിപ്പിച്ച അധ്യാപിക നിർമല ടീച്ചറാണ് അദ്ദേഹത്തെ സിപിഎമ്മിലേക്ക് സ്വീകരിച്ചത്. സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആംഗവുമാണ് നിർമ്മലടീച്ചർ.
തദ്ദേശ തെരഞ്ഞെടുപ്പിൽ പന്തളം മുനിസിപ്പിലാറ്റിയിൽ പാർട്ടി സ്ഥാനാർഥികളായി ചിലരെ ഹരികുമാർ നിർദേശിച്ചിരുന്നു. എന്നാൽ ജില്ലാ നേതൃത്വവുമായി ഏറെ നാളായി അകൽച്ചയിലായിരുന്ന ഹരികുമാറിന്റെ നിർദേശം നേതൃത്വം അംഗീകരിച്ചില്ല.
പാർട്ടി സ്ഥാനാർഥികൾക്കെതിരെ കടുത്ത പ്രതിഷേധം ഉയർത്തിയ ഹരികുമാർ സ്വയം വിമതനായി പത്രിക നൽകിയിരുന്നു. എന്നാൽ ജില്ലാ നേതൃത്വത്തിന്റെ ശക്തമായ സമ്മർദത്തെ തുടർന്ന് വിമത സ്ഥാനാർഥിത്വത്തിൽ നിന്ന് ഹരികുമാർ പിന്മാറി. അതിന് ശേഷമാണ് സിപിഎമ്മിലേക്കുള്ള ചുവടുമാറ്റം.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ലെന്നാണ് സിപിഎമ്മിന്റെ സമീപനം.
സിപിഎം നേതാക്കൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമ നിർദ്ദേശപത്രിക തള്ളാനും പിൻവലിപ്പിക്കാനും ശ്രമിക്കുകയാണ്. സിപിഎമ്മിന്റേത് വിചിത്രമായ നടപടികളെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംസ്ഥാനത്ത് ഇതുവരെയും കാണാത്ത രീതികളാണ് നടക്കുന്നത്. ഒപ്പ് സ്വന്തമാണെന്ന് പറഞ്ഞിട്ട് പോലും റിട്ടേണിംഗ് ഓഫീസർ എതിർക്കുന്നു.
സിപിഎം ഫാസിസ്റ്റ് പാർട്ടിയായി മാറുകയാണെന്നും സതീശൻ ആരോപിച്ചു. നീതിപൂർവമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനെ സിപിഎം തടയുന്നു. എന്ത് തോന്നിവാസവും കാണിക്കാം എന്നതാണ് ധാരണ. എന്തൊക്കെ കാണിച്ചാലും സിപിഎം തെരഞ്ഞെടുപ്പിൽ ജയിക്കില്ല.
നാമ നിർദ്ദേശപത്രികകൾ തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും വി. ഡി.സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ മത്സരരംഗത്തുള്ളത് 98451 സ്ഥാനാര്‍ഥികള്‍. 2261 പത്രികകളാണ് തള്ളിയത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം തള്ളിയത് 527 പത്രികകളാണ്.
കോട്ടയത്ത് 401, എറണാകുളത്ത് 348 പത്രികകളും തള്ളി. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത് (19,959). തൃശൂര്‍(17,168), എറണാകുളം (16,698) എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. വയനാട്ടിലായിരുന്നു ഏറ്റവും കുറവ് (5,227).
തിങ്കളാഴ്ച ഉച്ചയ്ക്കു മൂന്നുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം. സ്ഥാനാർഥിക്കോ നാമനിർദേശകനോ സ്ഥാനാർഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5 ൽ തയാറാക്കിയ നോട്ടീസ് നല്‍കാം. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിനു ശേഷം റിട്ടേണിംഗ് ഓഫീസർ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും.
മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. അതത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്,മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും.
Kerala
തൃശൂർ: നാമനിര്‍ദേശ പത്രികയില്‍ കള്ളയൊപ്പെന്ന ആരോപണത്തെ തുടർന്ന് സിപിഎം - ട്വന്റി20 പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മാള പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ട്വന്റി 20 സ്ഥാനാർഥിയുടെ നാമനിര്‍ദേശ പത്രികയിലാണ് കള്ളയൊപ്പെന്ന് ആരോപണം സിപിഎം ഉന്നയിച്ചത്.
ഒന്നാം വാര്‍ഡിലെ ട്വന്റി 20 സ്ഥാനാര്‍ഥി സന്തോഷ് പയ്യാക്കലിന്റെ നാമനിര്‍ദേശപത്രികയില്‍ പിന്തുണച്ചതായി രേഖപ്പെടുത്തിയ മല്ലിക അതിലുള്ളത് തന്റെ ഒപ്പല്ലെന്ന് പറഞ്ഞതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഇതോടെ സന്തോഷിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് സിപിഎം പ്രതിനിധി ആവശ്യപ്പെട്ടു.
എന്നാൽ മല്ലികയെ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് ആരോപിച്ച് ട്വന്റി 20 പ്രവർത്തകർ രംഗത്തെത്തിയതോടെ സംഘർഷമായി. തുടർന്ന് പോലീസെത്തിയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവുവന്നത്.
Kerala
കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അടുത്ത വിക്കറ്റ് ഉടൻ വീഴുമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. എ.പത്മകുമാറിന്റെ അറസ്റ്റോടെ സർക്കാരും സിപിഎം നേതൃത്വവും നടത്തിയ ഗൂഢാലോചന തെളിഞ്ഞു.
തെളിവുകൾ നശിപ്പിക്കുന്നതിനു മുൻപ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും അറസ്റ്റ് ചെയ്യാൻ എസ്ഐടി തയാറാവണം. മുഖ്യമന്ത്രി പിണറായി വിജയന്റെയും കടകംപള്ളി സുരേന്ദ്രന്റെയും വിശ്വസ്തനായ അനുയായിയാണ് എ.പത്മകുമാർ.
പല പേരുകൾ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും കടകംപള്ളിയും മുഖ്യമന്ത്രിയും അതീവ താൽപര്യമെടുത്താണ് പത്മകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കിയത്. സ്വർണക്കൊള്ളയിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും കൈകൾ ശുദ്ധമാണെന്ന് പറയുന്നതിൽ ന്യായമില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Kerala
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ നാല് എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചു. ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ രണ്ട് വാർഡിലുമാണ് എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചത്.
ആന്തൂർ നഗരസഭയിലെ മൊറാഴ, പൊടിക്കുണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലുമാണ് എൽഡിഎഫ് സ്ഥാനാർഥികൾ മാത്രം പത്രിക നൽകിയത്. പത്രിക സമർപ്പണം പൂർത്തിയായതോടെ മുന്നണികള്‍ക്കെല്ലാം തലവേദനയായി വിമത ഭീഷണി നിലനില്‍ക്കുകയാണ്.
മിക്ക ജില്ലകളിലും മൂന്ന് മുന്നണികൾക്കും വിമത ഭീഷണിയുണ്ട്. തിരുവനന്തപുരം കോര്‍പറേഷനിൽ എൽഡിഎഫും യുഡിഎഫും വിമത ശല്യം നേരിടുന്നുണ്ട്. ശനിയാഴ്ച പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. തിങ്കളാഴ്ചവരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. അതിനുശേഷം മത്സരത്തിന്റെ പൂർണ ചിത്രം തെളിയും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും സ്വാഗതം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അയ്യപ്പന്റെ ഒരു തരി നഷ്ടമാകരുത് എന്ന് തന്നെയാണ് നിലപാട്.
നിയമസഭയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതാണ്. യുഡിഎഫ് അന്വേഷണവുമായി സഹകരിച്ചില്ല. അന്വേഷണം സിബിഐക്ക് വിടണമെന്ന വാദം ഉന്നയിച്ചു. രാഷ്ട്രീയ കാഴ്ചപ്പാട് മുൻനിർത്തിയല്ല അറസ്റ്റിൽ സിപിഎം നിലപാട് സ്വീകരിക്കുന്നത്.
മതനിരപേക്ഷതക്ക് പകരം പ്രതിപക്ഷം പ്രോത്സാഹിപ്പിക്കുന്നത് മത തീവ്രവാദ നിലപാടുകളാണ്. ഇടതുപക്ഷം ഐക്യപ്പെട്ടു നിൽക്കുന്ന തെരഞ്ഞെടുപ്പാണിത്. വികസനം ഇല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. ജനത്തിന് വസ്തുത ബോധ്യമുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Kerala
കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥിയും സംവിധായകനുമായ വി.എം. വിനുവിന് വോട്ടില്ലെന്ന കാര്യം കോൺഗ്രസ് നേതൃത്വത്തിന് നേരത്തെ അറിയാമായിരുന്നെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ.
വിനു അറിയപ്പെടുന്ന സിനിമാ പ്രവർത്തകനാണ്. അദ്ദേഹം ഇന്നുവരെ ഒരു രാഷ്ട്രീയ പാർട്ടികളോടൊപ്പവും നിന്നിട്ടില്ല. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ വീട്ടിൽ പോയി സമ്മർദം ചെലുത്തി സ്ഥാനാർഥിയാക്കിയതാണ്.
കോൺഗ്രസ് നേതൃത്വത്തിന് നേരത്തെ തന്നെ അറിയാം അദ്ദേഹത്തിന് വോട്ടില്ലെന്ന്. ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തത്.
കോൺഗ്രസ് നേതൃത്വം സാംസ്കാരിക കേരളത്തോട് മാപ്പുപറയണമെന്നും ഇതിനെതിരെ വിനു ഒരു നിലപാടെടുത്ത് മുന്നോട്ടുവന്നാൽ പിന്തുണക്കുമെന്നും മോഹനൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കോര്പറേഷന് ഉള്ളൂര്‍ വാര്‍ഡില്‍ സിപിഎമ്മിന് വിമതഭീഷണി. സിപിഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ദേശാഭിമാനി മുൻ ബ്യൂറോ ചീഫുമായിരുന്ന കെ. ശ്രീകണ്ഠന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
കടകംപള്ളി സുരേന്ദ്രന് തന്നെ പറഞ്ഞു പറ്റിച്ചെന്ന് ശ്രീകണ്ഠന് പറഞ്ഞു. സ്ഥാനാര്‍ഥിത്വത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മത്സരത്തിൽ നിന്ന് പിൻമാറില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി.
വലിയ രാഷ്ട്രീയപാർട്ടികൾ ആകുമ്പോൾ ഇത്തരം ചില അപ ശബ്ദം ഉണ്ടാകും. അത് വലിയ ക്രൂരതയിലേക്ക് ഒന്നും പോകുന്നില്ല. വിമതർ ജനാധിപത്യം തുടങ്ങിയ അന്നുമുതലുണ്ട്. പാർട്ടി ഇതു കാര്യമാക്കുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
Kerala
കോഴിക്കോട്: നരിക്കാട്ടേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. മൂന്ന് പേര്‍ക്ക് മര്‍ദനമേറ്റു. സിപിഎം പാറയില്‍ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ സബിലാഷ്, സുധീഷ്, രജീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
മൂന്ന് പേരും നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തില്‍ ഒരു ബൈക്കും തകര്‍ത്തിട്ടുണ്ട്. സ്ഥാനാർഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് സംഭവമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം പഞ്ചായത്തംഗമായ സിപിഎം നേതാവ് പി.പി. ബാലകൃഷ്ണനും കുടുംബത്തിനും നേരെയാണ് അക്രമം നടന്നത്. ബ്രാഞ്ച് സെക്രട്ടറി സജീവന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അക്രമിച്ചതെന്നായിരുന്നു പരാതി.
സജീവന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിന് കാരണം ബാലകൃഷ്ണന്റെ കുടുംബത്തിന്റെ ഇടപെടലാണെന്ന് പറഞ്ഞ് ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുയര്‍ന്നിരുന്നു.
District News
കൊച്ചി: ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 18 സീറ്റുകളില്‍ സിപിഎം മത്സരിക്കും. അഞ്ചു സീറ്റുകളില്‍ മത്സരിക്കുന്ന സിപിഐ നാലിടത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
സിപിഎം മത്സരിക്കുന്ന ഡിവിഷനുകളും സ്ഥാനാര്‍ഥികളും ക്രമത്തില്‍:
ചെറായി- കെ.എസ്. നിബിന്, മൂത്തകുന്നം- ലീന വിശ്വന്, കറുകുറ്റി- സി.എം. സാബു, പുല്ലുവഴി- എം.ബി. അജയകുമാര്‍, നെല്ലിക്കുഴി- ടി.എം. അബ്ദുള്‍ അസീസ്, നേര്യമംഗലം- എയ്ഞ്ചല്‍ മേരി ജോബി,
മുളന്തുരുത്തി- ആന്‍ സാറ ജോണ്സണ്, ഉദയംപേരൂര്‍- സജിത മുരളി, കുമ്പളങ്ങി- ജോബി പനക്കല്‍, പുത്തന്‍കുരിശ്- ജൂബിള്‍ ജോര്‍ജ്, കോലഞ്ചേരി- എം.വി. നിതാമോള്‍, കീഴ്മാട്- അന്‍വര്‍ അലി, അത്താണി- എന്‍.സി. ഉഷാകുമാരി, കടുങ്ങല്ലൂര്‍- രമ്യ തോമസ്, കോട്ടുവള്ളി- ഫിലോമിന സെബാസ്റ്റ്യന്‍, കടമക്കുടി- മേരി വിന്‍സന്റ്, വൈപ്പിന്‍- ആല്‍ബി കളരിക്കല്‍,
ഞാറക്കല്‍- മിനി രാജു.
സിപിഐ മത്സരിക്കുന്ന ഡിവിഷനുകളും സ്ഥാനാര്‍ഥികളും ക്രമത്തില്‍:
പാമ്പാക്കുട- സി.ടി. ശശി, വാളകം- കെ. കെ. ശ്രീകാന്ത്, കാലടി- സൂരജ സുരഭി, എടത്തല- അബ്ദുള്‍ സത്താര്‍.
കോടനാട്, പോത്താനിക്കാട് ഡിവിഷനുകളില്‍ മത്സരിക്കുന്ന കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കും. എന്‍സിപി (വെങ്ങോല), കോണ്‍ഗ്രസ്-എസ് (തുറവൂര്‍), കേരള കോണ്‍ഗ്രസ്-ബി (ആവോലി) എന്നീ പാര്‍ട്ടികള്‍ക്കാണ് എല്‍ഡിഎഫിലെ മറ്റു സീറ്റുകള്‍.
Kerala
പത്തനംതിട്ട: ആറന്മുള മുന്‍ എംഎല്‍എ കെ.സി.രാജഗോപാലന്‍ മെഴുവേലി പഞ്ചായത്തിലേക്ക് മത്സരിക്കുന്നു. എട്ടാം വാര്‍ഡില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിട്ടാണ് അദ്ദേഹം മത്സരിക്കുന്നത്.
1979 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെയാണ് കെ.സി.രാജഗോപാൽ മത്സര രംഗത്തേക്കിറങ്ങുന്നത്. അന്ന് ജയിച്ച് മെഴുവേലി പഞ്ചായത്ത് വൈസ് പ്രസിഡന്റായി. 1988ൽ ഇതേ പഞ്ചായത്തിൽ പ്രസിഡന്റായി.
2006ലാണ് ആറന്മുള നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎൽഎയായി നിയമസഭയിലെത്തുന്നത്. 2011 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചെങ്കിലും കെ.ശിവദാസൻ നായരോട് പരാജയപ്പെടുകയായിരുന്നു.
പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും സിഐടിയു ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗമാണ്.
Kerala
കണ്ണൂർ: ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശേരി നഗരസഭയിലേക്ക് മത്സരിക്കുന്നു. തലശേരി നഗരസഭ 16-ാം വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായിട്ടാണ് കാരായി ചന്ദ്രശേഖരൻ ജനവിധി തേടുന്നത്.
2015ൽ തലശേരി നഗരസഭ ചെയർമാനായിരുന്ന ഘട്ടത്തിലാണ് ഫസൽ കേസിൽ ജില്ലയിൽ പ്രവേശിക്കരുതെന്ന് വിധി വന്നത്. ജാമ്യവ്യവസ്ഥയിൽ എറണാകുളം ജില്ല വിട്ട് പോകരുതെന്ന ഉപാധിയെത്തുടർന്ന് ഇരുമ്പനത്തായിരുന്നു താമസം.
ഒമ്പത് വർഷത്തിനുശേഷമാണ് പിന്നീട് കാരായി രാജനും കാരായി ചന്ദ്രശേഖരനും തലശേരിയിലേക്ക് മടങ്ങിയെത്തിയത്. ഫസല്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റമാണ് സിബിഐ കാരായിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Kerala
കൊച്ചി: തൃക്കാക്കര നഗരസഭയിലെ എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ തർക്കം രൂക്ഷമാകുന്നു. നഗരസഭയില്‍ സിപിഐ തനിച്ച് മത്സരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. സിപിഐയുടെ രണ്ട് സിറ്റിംഗ് വാർഡുകൾ വിട്ടുനല്‍കാന്‍ സിപിഎം തയാറായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നത്.
15 മുതല്‍ 20 വാര്‍ഡുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് സിപിഐയുടെ നീക്കം. നഗര സഭയിലെ സിപിഐയുടെ സിറ്റിംഗ് വാര്‍ഡുകളായ സഹകരണ റോഡ്, ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ സിപിഎം ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ തീരുമാനിച്ചെന്നാണ് സിപിഐയുടെ പരാതി.
കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിമതനായി വിജയിച്ച് പിന്നീട് എല്‍ഡിഎഫിന്റെ ഭാഗമായ പി.സി. മനൂപിനെ ഹെല്‍ത്ത് സെന്റര്‍ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗം ജിജോ ചിങ്ങംതറയെ സഹകരണ റോഡിലും സ്ഥാനാര്‍ഥിയാക്കാനാണ് സിപിഎമ്മിന്റെ നീക്കം.
Kerala
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോര്‍പറേഷനില്‍ സിപിഎം - ബിജെപി ഡീലെന്ന് ആരോപണം ഉന്നയിച്ച ആനി അശോകനെ സിപിഎം പുറത്താക്കി. കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി അംഗവുമാണ് ആനി അശോകൻ.
കടകംപള്ളി സുരേന്ദ്രന് എംഎൽഎ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നാണ് ആനി അശോകന് ആരോപിച്ചത്. കോര്‍പറേഷനില്‍ ബിജെപിക്ക് വോട്ട് മറിക്കാന്‍ ധാരണയുണ്ടെന്നും പ്രത്യുപകാരമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കടകംപള്ളിക്ക് വോട്ട് നല്‍കുമെന്നുമാണ് ഡീലെന്നാണ് ആനി അശോകന് ആരോപണം ഉന്നയിച്ചത്.
ഇത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നാണ് ആനിയെ പുറത്താക്കാന്‍ തീരുമാനിച്ചത്. കടകംപള്ളി സുരേന്ദ്രന് ജനകീയനായ നേതാവാണെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ കരിവാരിത്തേച്ചെന്ന് ആരോപിച്ചാണ് ആനി അശോകനെ പുറത്താക്കിയത്.
Kerala
തിരുവനന്തപുരം: തദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് വിവാദങ്ങൾ ഭയന്നല്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ. മത്സരിക്കേണ്ടെന്ന് തീരുമാനിക്കാൻ പാർട്ടിക്ക് അവകാശമുണ്ട്. ഒരാൾക്ക് മാത്രം എപ്പോഴും അവസരം കിട്ടിയാൽ പോരല്ലോ.
പാർട്ടി തന്ന പദവിയിൽ ഉയർന്നു പ്രവർത്തിച്ചുവെന്നാണ് വിശ്വാസം. വാർഡിൽ സ്ഥാനാർഥിയായാൽ അവിടെ മാത്രമായി ചുരുങ്ങിപ്പോകും. നിയമസഭയിലേക്ക് മത്സരിക്കുമോയെന്ന് പറയാൻ കഴിയില്ലെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.
ധിക്കാരിയെന്ന് വിളിക്കുന്നത് താനൊരു സ്ത്രീ ആയതുകൊണ്ടാണ്. പിൻസീറ്റ് ഡ്രൈവിംഗ് ആരോപണം സ്ത്രീകളെ അംഗീകരിക്കാത്തവരുടേതാണ്. പാർട്ടിയുടെ തീരുമാനം അനുസരിച്ചെ താൻ പ്രവർത്തിക്കൂവെന്നും ആര്യ രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: കേന്ദ്ര ഫണ്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കേന്ദ്രാവിഷ്കൃത പദ്ധതികൾ വഴി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഫണ്ട് കേരളത്തിന്റെ അവകാശമാണെന്ന് ശിവൻകുട്ടി പറഞ്ഞു.
കേന്ദ്ര ഫണ്ട് ആരുടെയും ഔദാര്യമല്ല. ഈ ഫണ്ട് ഉപയോഗിക്കുന്നത് ഭിന്നശേഷി കുട്ടികൾ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ തുടങ്ങിയ അർഹതപ്പെട്ടവർക്ക് വേണ്ടിയാണ്. ഈ ഫണ്ടിനായി ശ്രമിക്കുന്നത് സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ കടമയും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണെന്നും മന്ത്രി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാനുള്ള ആദ്യഘട്ട ശ്രമം പോലും സംസ്ഥാന താൽപര്യം മുൻനിർത്തിയാണ്. നമ്മുടെ വിദ്യാഭ്യാസ നിയമങ്ങൾക്കും പാഠ്യപദ്ധതിക്കും എതിരല്ലാത്ത ഭാഗങ്ങൾ മാത്രം സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷതയും പുരോഗമന സ്വഭാവവും കാത്തുസൂക്ഷിക്കുക എന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അടിയുറച്ച നിലപാടാണ്. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഒരു പദ്ധതിയെ ആശ്രയിച്ചല്ല മുന്നോട്ട് പോകുന്നത്. അത് നമ്മുടെ നയമാണ്. ഈ നയം ശക്തിപ്പെടുത്താൻ സംസ്ഥാനത്തിന് അർഹതപ്പെട്ട എല്ലാ ഫണ്ടുകളും നേടാൻ ഇനിയും ശ്രമിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രകോപിതനാകാൻ എന്താണ് കാരണമെന്ന് തനിക്കറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രകോപനം ഉണ്ടാക്കാനോ പ്രകോപിതനാക്കാനോ താനില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്കെ ഫണ്ട് കിട്ടാതിരുന്നാൽ അതിന്റെ ഉത്തരവാദിത്വം തനിക്കില്ലെന്ന് ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
പിഎം ശ്രീയെ പറ്റി ശിവൻകുട്ടിയെ പഠിപ്പിക്കാൻ താൻ ആളല്ല. പിഎം ശ്രീയെ സംബന്ധിച്ചുള്ള ഇടതുപക്ഷ രാഷ്ട്രീയം ശിവൻകുട്ടിയെ പഠിപ്പിക്കാൻ തന്നെക്കാളും അവകാശമുള്ളത് എം.എ. ബേബിക്കും എം.വി. ഗോവിന്ദനുമാണ്. അവർ പഠിപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീയിലൂടെ ആർഎസ്എസിന്റെ വിദ്യാഭ്യാസ അജണ്ട നടപ്പിലാക്കാനുള്ള നീക്കം, അതിനെപ്പറ്റിയുള്ള ഇടതുപക്ഷത്തിന്റെ ശരിയെന്താണെന്ന് താൻ പഠിപ്പിക്കുന്നില്ല. അത് പഠിപ്പിക്കാൻ സിപിഎമ്മിന്റെ നേതാക്കന്മാരുണ്ട്.
പിഎം ശ്രീയും എസ്എസ്കെയും രണ്ടും ഒന്നല്ല. രണ്ടും കൂട്ടിക്കലർത്തുന്നത് ബിജെപിയുടെ രാഷ്ട്രീയമാണ്. അതല്ല എൽഡിഎഫ് രാഷ്ട്രീയം. എസ്എസ്കെ ഫണ്ട് ലഭിക്കാൻ നമുക്ക് അവകാശമുണ്ട്. എസ്എസ്കെ ഫണ്ട് തട്ടിപറിക്കാൻ കേന്ദ്രം ശ്രമിച്ചാൽ അതിനെ ഇടതുപക്ഷം നിയമപരമായും രാഷ്ട്രീയപരമായും എതിർക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പിഎം ശ്രീയെ സംബന്ധിച്ച ജയപരാജയം അളക്കാൻ സിപിഐ ഇല്ല. ഇത് ഇടതുപക്ഷത്തിന്റെ വിജയമാണെന്നാണ് താൻ നേരത്തെ തന്നെ പറഞ്ഞിരുന്നത്. ഈ കത്ത് ഉൾപ്പെടെയുള്ള എല്ലാ കാര്യവും ഇടതുപക്ഷത്തിന്റെ വിജയമാണ്.
എൽഡിഎഫ് രാഷ്ട്രീയത്തിന്റെ ഐക്യത്തിനോ അടിത്തറയ്ക്കോ ഭംഗം വരുന്നത് ഒന്നും ചെയ്യില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
കണ്ണൂര്‍: ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് ഇത്തവണ സീറ്റില്ല. അതേസമയം എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ. അനുശ്രീ പിണറായി ഡിവിഷനില്‍ സ്ഥാനാര്‍ഥിയാകും.
സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ ബിനോയ് കുര്യന് ഒഴികെയുള്ളവരെല്ലാം ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളാണ്. പി.പി. ദിവ്യ പ്രതിനിധീകരിച്ചിരുന്ന കല്യാശേരി ഡിവിഷനില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം വി.വി. പവിത്രനാണ് സ്ഥാനാര്‍ഥി.
എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ പിണറായി ഡിവിഷനിലാണ് മത്സരിക്കുക. കണ്ണൂര്‍ സര്‍വകലാശാല കാമ്പസിലെ ജേണലിസം വിഭാഗം രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയും എസ്എഫ്ഐ പേരാവൂര്‍ ഏരിയ സെക്രട്ടറിയുമായ നവ്യ സുരേഷ് പേരാവൂര്‍ ഡിവിഷനില്‍നിന്ന് ജനവിധി തേടും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ബിനോയ് കുര്യന് പെരളശേരിയില്നിന്നാണ് മത്സരിക്കുന്നത്.
Kerala
തിരുവനന്തപുരം: എൻ.വാസുവിന്റെ അറസ്റ്റിലൂടെ ശബരിമല സ്വര്‍ണക്കൊള്ളയിൽ സിപിഎമ്മിന്റെ പങ്ക് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേസിൽ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വി.എന്‍. വാസവനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യണം.
സ്വര്‍ണക്കൊള്ളയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വി.എന്‍. വാസവൻ രാജിവയ്ക്കണം. സിപിഎം നേതൃത്വവുമായും സര്‍ക്കാരിലെ ഉന്നതരുമായും അടുത്ത ബന്ധമുള്ള ആളാണ് വാസു. ചില ഘട്ടങ്ങളില്‍ ബോര്‍ഡിനേക്കാള്‍ വലിയ അധികാര കേന്ദ്രമായിരുന്നു വാസു.
വാസുവിന് മുഖ്യമന്ത്രി എല്ലാ പിന്തുണയും നൽകിയിരുന്നു. അതിനാൽ സിപിഎം നേതാക്കൾക്ക് ഒഴിഞ്ഞുമാറാൻ പറ്റില്ല. വാസു നടത്തിയ കൊള്ളയുടെ തുടര്‍ച്ചയാണ് പിന്നീടുവന്നവർ ചെയ്തത്. എ.പദ്മകുമാറിനെയും പി.എസ്.പ്രശാന്തിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ചരിത്രവിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എല്ലാ കാലത്തും തദ്ദേശ സ്ഥാപനങ്ങളിൽ ആധിപത്യം ഇടതുമുന്നണിക്കാണ്. തദ്ദേശ തെരഞ്ഞെടുപ്പ് മാത്രം സർക്കാരിന്റെ വിലയിരുത്തൽ അല്ല.
ഇതിന്റെ പാറ്റേൺ വേറെയാണെന്നും മൂന്നാം ടേമിലേക്കുള്ള യാത്രയാകും ഇത്. കഴിഞ്ഞ തവണയും ആ യാത്ര തുടങ്ങിയത് തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്നാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ഈ സർക്കാരിന്റെ കാലത്ത് തദ്ദേശസ്ഥാപനങ്ങൾ ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തിലാണ് പ്രവർത്തിച്ചത്.
ശുചിത്വ കേരളം പ്രാവർത്തികമാക്കിയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വമ്പിച്ച മാറ്റം വരുത്താൻ ഈ സർക്കാരിന് കഴിഞ്ഞു. പെൻഷനേ വേണ്ട എന്നതാണ് കോൺഗ്രസിന്റെ അഭിപ്രായം.
അത് കേരളം ചർച്ച ചെയ്യട്ടേ. പെൻഷൻ കൂട്ടിയത് കൈകൂലി എന്നാണ് കെ.സി.വേണുഗോപാൽ പറഞ്ഞത്. അതേ അഭിപ്രായമാണോ മറ്റുള്ളവർക്കെന്നും പറയട്ടെ. കേരളത്തിൽ പ്രധാന മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.